കോഴിക്കോട്: മടവൂരിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ നഗ്നനാക്കി വീഡിയോയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര ഇടയില വീട്ടില്‍ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന,ഭർത്താവ് മുഹമ്മദ് അഫീഫ്, എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മാനഞ്ചിറ വച്ച് കുന്നമംഗലം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അഫീഫും അന്‍സിനയുമടക്കമുള്ളവര്‍ ചേർന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ സൗഹൃദം സ്ഥാപിച്ച് ഗൗരിനന്ദ മടവൂരിലുള്ള ഒരു വീട്ടിലേക്ക് വിളിച്ച് വരുത്തുകയും നഗ്നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഗൂഗിള്‍പേ വഴി 1.35 ലക്ഷം രൂപ പ്രതികള്‍ കൈവശപ്പെടുത്തി. യുവാവിന്റെ സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി 10000 രൂപ കൂടി പ്രതികള്‍ കൈവശപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.
നഗ്ന വീഡിയോ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. നാലാമതൊരു പ്രതികൂടി സംഘത്തിലുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
