മൂന്നുവര്‍ഷമായി ഇന്‍സ്റ്റഗ്രാം സൗഹൃദം, 17-കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; കടയ്ക്കൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരം പാലിയോടുനിന്ന് പിടികൂടിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവുമായുള്ള ഇന്‍സ്റ്റഗ്രാം സൗഹൃദവും പീഡനവും പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടി പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീടുവിട്ടിറങ്ങി. എറണാകുളത്തേക്ക് പോവുകയാണെന്നും അവിടെ ജോലിയില്‍ പ്രവേശിക്കുകയാണെന്നും കത്തെഴുതിവെച്ചിട്ടാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയും പെണ്‍കുട്ടിയും സൗഹൃദത്തിലാണെന്ന് കണ്ടെത്തി.
പിതാവിന്റെ മൊബൈല്‍ഫോണിലൂടെയാണ് 17-കാരി ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് ഈ ഫോണ്‍ പരിശോധിച്ചതോടെയാണ് അനീഷുമായുള്ള ബന്ധം കണ്ടെത്തിയത്. മൂന്നുവര്‍ഷമായി ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പഠനത്തിനായി വീട്ടില്‍നിന്ന് പത്തനംതിട്ടയിലെത്തിയ പെണ്‍കുട്ടിയെ നഗരത്തിലെ ഒരുലോഡ്ജില്‍വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും മൊഴിയുണ്ട്.
അതേസമയം, പോലീസ് അന്വേഷണത്തില്‍ അനീഷുമായുള്ള സൗഹൃദം കണ്ടെത്തിയെങ്കിലും പെണ്‍കുട്ടി തന്റെ കൂടെയില്ലെന്നായിരുന്നു ഇയാളുടെ ആദ്യമൊഴി. പിന്നാലെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് ബസ് കയറ്റിവിട്ടു. നാട്ടില്‍ ബസ്സിറങ്ങിയതിന് പിന്നാലെ 17-കാരിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മൊഴിയെടുത്തതോടെയാണ് പീഡനവിവരങ്ങള്‍ പുറത്തറിഞ്ഞത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: