എസ് എഫ് ഐ യുമായി ബന്ധപ്പെട്ട്
മുൻപൊരിക്കൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണം, കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായ പ്രകടനമായി വിലയിരുത്തി തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം ആരോപണങ്ങൾ മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന സമീപനം അന്ന് എസ് എഫ് ഐ നേതൃത്വത്തിൽ നിന്നും ചില സി പി എം നേതാക്കളിൽ നിന്നുമുണ്ടായത് ഓർക്കുന്നുണ്ടാവും.
എസ് എഫ് ഐ യും എ ഐ എസ് എഫും അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ പരസ്പര ഐക്യത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്തും സംസ്ഥാനത്തും നില നിൽക്കുന്നത്.അത് കൊണ്ട് തന്നെ ജനാധിപത്യ സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ട ജനതയെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് സജ്ജമാക്കുക എന്ന കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ച്
ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങൾ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ എസ് എഫ് ഐ യുടെ ലേബലിൽ ചില കലാലയങ്ങളില്‍ അരങ്ങേറുന്നതിനെ ഗൗരവ പൂർവ്വം നോക്കിക്കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്താൻ ശ്രമിക്കുന്നതിന് പകരം സി പി ഐ സംസ്ഥാന സെക്രട്ടറിയെ വലത് പക്ഷ ചാപ്പ കുത്തിക്കൊണ്ടുള്ള ജനാധിപത്യ വിരുദ്ധ വ്യാഖ്യാനങ്ങളിലൂടെ സ്വന്തം പോരായ്മകളെ മറച്ചു പിടിക്കാനായിരുന്നു അന്ന് എസ് എഫ് ഐ ശ്രമിച്ചത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ ഭിന്ന ശേഷിക്കാരനായ വിദ്യാർത്ഥിയെ വിചാരണ ചെയ്ത ശേഷം ക്രൂര മർദ്ദനത്തിന്നിരയാക്കിയ വാർത്ത
എസ് എഫ് ഐ ആക്രമണത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സമൂഹത്തിൽ സജീവമാക്കിയിരിക്കുകയാണ്.
മുൻപൊരിക്കൽ എസ് എഫ് ഐ നേതാക്കൾ പ്രതിയായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് നടത്തിയ പരിശോധനയെ തുടർന്ന് ഒഴിവാക്കിയ ഇടി മുറിയാണ് ഒരിട വേളക്ക് ശേഷം വീണ്ടും കോളേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തങ്ങൾക്ക് അനഭിമതമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികളെ ഇടി മുറികളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും അനന്തരം കടുത്ത ശിക്ഷണ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യുന്ന വിധത്തിലുള്ള മനുഷ്യത്വ രഹിത പ്രവർത്തനങ്ങളാണ് സംഘടന പ്രവർത്തനത്തിന്റെ മറവിൽ എസ് എഫ് ഐ ഇവിടെ നടത്തുന്നത്.
കൊടി കെട്ടാൻ മരത്തിൽ കയറാനുള്ള നേതാക്കളുടെ നിർദേശം ഭിന്ന ശേഷിക്കാരനായതിനാൽ സാധ്യമല്ലെന്നറിയിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിക്ക് നേരെ ക്രൂര കൃത്യം അരങ്ങേറിയത്.
ഓർക്കുക, മർദ്ദനത്തിന്നിരയായ മുഹമ്മദ് അനസ് എന്ന വിദ്യാർത്ഥി എസ് എഫ് ഐ യുടെ അനുഭാവി തന്നെയാണ്.
സ്വന്തം സംഘടനയിൽ പെട്ട ഒരു പ്രവർത്തന്റെ അനുഭവം ഇങ്ങനെയാണെങ്കിൽ രാഷ്ട്രീയ എതിരാളികൾ ഇവരെ എത്ര മാത്രം ഭയക്കണം!
ഒരു വർഷത്തിന്നിടെ അഞ്ചാം തവണയാണ് താൻ മർദ്ദനത്തിന് ഇരയാകുന്നതെന്നും അധ്യയന വർഷത്തിന്റെ തുടക്കത്തിൽ റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിലെ പാർട്ടിക്കാരെകൊണ്ടു വിളിപ്പിച്ചതിന്റെ വൈരാഗ്യം കാണിക്കുകയാണെന്നും മുഹമ്മദ് അനസ് പരിതപിക്കുന്നുണ്ട്.
പ്രാകൃതവും കിരാതവുമായ ഇത്തരം അക്രമങ്ങളിലൂടെ ക്യാമ്പസ്സുകളിൽ ഫാസിസ്റ്റ് ശൈലി പിന്തുടരുന്നവർ കൊടിയിൽ ആലേഖനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങളെ അക്ഷരാർത്ഥത്തിൽ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്.
അധികാരത്തിന്റെയും ആൾ ബലത്തിന്റെയും തണലിൽ വിദ്യാർത്ഥികളെ തങ്ങളുടെ ചൊൽപടിക്ക് നിർത്തി ആധിപത്യം വിപുലീകരിക്കാനുള്ള ശ്രമം ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ അന്ത: സത്തയെയാണ് തകർക്കുന്നത്.
അധികാര വ്യവസ്ഥയുടെ ഭാഗമായ പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണുതയിൽ ശക്തിപ്പെടുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തോടാകമാനമുള്ള പൊതു സമൂഹത്തിന്റെ പ്രതിഷേധവുമാണ്.ഇടതു വിരുദ്ധർക്കും മാധ്യമങ്ങൾക്കും ഇടതുപക്ഷത്തെ ആക്രമിക്കുവാനുള്ള ആയുധം നൽകുന്ന പ്രവർത്തിയാണ് എസ് എഫ് ഐ യുടെ പേര് ഉപയോഗിച്ചു കൊണ്ട് ചില ക്രിമിനലുകൾ പലപ്പോഴും പല ക്യാമ്പസുകളിലും നടത്തിക്കൊണ്ടിരിക്കുന്നത് എന്ന വസ്തുത ആ സംഘടന നേതൃത്വം കാണാതിരുന്നു കൂടാ!
വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ഉൾപ്പെടെ ചില ക്രിമിനലുകൾ നടത്തിയ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിനു തന്നെ കളങ്കമാകുന്ന സ്ഥിതിയുണ്ടാക്കിയിരുന്നു.
നിസ്സഹായനായ ഒരു വിദ്യാർത്ഥിയെ നിർദ്ദയം തല്ലിച്ചതച്ചപ്പോൾ ക്യാമ്പസൊന്നടങ്കം കാഴ്ചക്കാരായി മാറിയത് എതിർപ്പിൻ സ്വരങ്ങളെ കായികമായി നേരിടുന്ന ഹിംസാത്മകതയോടുള്ള ഭയമായിരുന്നു.
മാനവിക മുദ്രാവാക്യങ്ങളുടെ പേരിൽ വാചാലരാകുന്ന എസ് എഫ് ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഇതേ യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സ്വന്തം സംഘടനയുടെ അക്രമ രാഷ്ട്രീയത്തിന്നെതിരെ ചില വർഷങ്ങൾക്ക് മുൻപ് തെരുവിലിറങ്ങിയ സംഭവം ഗുണ്ടായിസവും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമാണ് ആധിപത്യമുള്ളയിടങ്ങളിൽ പോലും സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ നടത്തുന്നത് എന്നതിന്റെ പ്രത്യക്ഷ തെളിവായിരുന്നു.
അന്നും കോളേജിൽ ഒരു എസ് എഫ് ഐ ക്കാരൻ മറ്റൊരു എസ് എഫ് ഐ ക്കാരൻ സഹപാഠിയുടെ ഇട നെഞ്ചിലേക്ക് നിർദയം കഠാര കുത്തിയിറക്കിയ സംഭവത്തിലൂടെ വെളിപ്പെട്ടത് സ്വന്തം സംഘടനയിൽ പെട്ടവരുടെ വിയോജിപ്പുകളോടു പോലുമുള്ള അസഹിഷ്ണുതയായിരുന്നു.
സ്വന്തം പ്രസ്ഥാനത്തെ സാമൂഹ്യ വിരുദ്ധർക്ക് താവളമാക്കുവാനുള്ള അവസരം നൽകാതെ അകറ്റി നിർത്തുവാനും തിരുത്തുവാനുമാണ് എസ് എഫ് ഐ തയ്യാറാകേണ്ടത്.
കലാലയ അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലിംഗ്‌ദോ കമ്മറ്റി മുൻപ് പേരെടുത്ത് പറഞ്ഞ സംസ്ഥാനം കേരളം ആയിരുവെന്നതും എസ് എഫ് ഐ മറന്നു പോകരുത്.
രാഷ്ട്രീയ അവബോധവും രാഷ്ട്രീയ വിദ്യാഭ്യാസവും അണികൾക്ക് പകർന്നു നൽകാനാണ് എസ് എഫ് ഐ നേതൃത്വം തയ്യാറാകേണ്ടത്.ശരിയായ ദിശാബോധവും രാഷ്ട്രീയ പ്രബുദ്ധതയും ഗുണപരമായ ശേഷിയും ചിന്താധാരയുമുള്ള ഒരു തല മുറ ഉയർന്നു വരിക തന്നെ വേണം.ജനാധിപത്യ രാഷ്ട്രീയബോധം വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ യുവമനസ്സുകളില്‍ അങ്കുരിപ്പിക്കുവാനും ജനാധിപത്യ വിരുദ്ധ ആശയങ്ങൾക്കെതിരെ നിതാന്ത ജാഗ്രതയോടെ പോരാടാനും എസ് എഫ് ഐ അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്.
ചില യാഥാർഥ്യങ്ങൾ എ ഐ എസ് എഫ് തുറന്ന് പറയുമ്പോൾ അസ്വസ്ഥത കാണിക്കുന്നതാണ് പതിവ്.മാധ്യമ ശ്രദ്ധക്ക് വേണ്ടിയുള്ള കോലാഹലങ്ങൾ എന്നെല്ലാം പറഞ്ഞ് വിമർശനങ്ങൾ തൊടുത്തു വിടുകയും ചെയ്യുന്നത് കാണാം.മഹത്തായ കമ്മ്യൂണിസ്റ്റ് ദർശനങ്ങളും ഇടത് പക്ഷ നൈതികതയും വിമർശന വിധേയമാകുമ്പോൾ എ ഐ എസ് എഫിന് പ്രതികരിക്കേണ്ടി വരും.ആശയ ദാരിദ്രത്തിൽ നിന്നുമുടലെടുക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾ സജീവമാവുന്നതിനെയും വിയോജിക്കുന്നവരെ ആക്രമണോത്സുകമായ ഏകാധിപത്യ നയങ്ങളിലൂടെ വരുതിയിലാക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്യാമെന്ന ധാർഷ്ട്യത്തിന്റെ രാഷ്ട്രീയത്തെയും ചൂണ്ടിക്കാട്ടുമ്പോൾ ആരും അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടതില്ല.
