തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, കെഎസ്ആർടിസി ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുമെന്നും, ജൂലൈ മാസത്തിലെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും കെഎസ്ആർടിസി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
പണിമുടക്ക് ദിനത്തിൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ് കെഎസ്ആർടിസി ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ പത്ത് ഇന നിർദ്ദേശങ്ങളടങ്ങിയ മെമ്മോറാണ്ടവും കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. ജീവനക്കാർ നിർബന്ധമായും ജോലിക്ക് ഹാജരാകണമെന്നും, അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.
നിലവിൽ സംസ്ഥാന സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടില്ല. പൊതുഗതാഗത മേഖലയിൽ പണിമുടക്ക് വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ളതിനാലാണ് കെഎസ്ആർടിസി മുൻകരുതലെന്ന നിലയിൽ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്
