Headlines

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. ജയിലിൽ കഴിയുന്ന രാഹുലിന്റെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. പോലീസ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ കേസിൽ വിശദമായ വാദമുണ്ടാകൂ. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. . രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളികൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ജില്ലാ കോടതിയിൽ സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. ബലാത്സംഗകുറ്റം പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന് വിലയിരുത്തിയും അറസ്റ്റ് ചട്ടവിരുദ്ധമെന്നത് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്‍റെ വാദങ്ങൾ തള്ളിയുമാണ് കഴിഞ്ഞ ദിവസം തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്‍റെ ജാമ്യം നിഷേധിച്ചത്.


അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും ബലാത്സംഗമല്ല ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണ് നടന്നതെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ജാമ്യഹർജി പരോഗണിച്ച ഘട്ടത്തിൽ കോടതിയിൽ വാദിച്ചത്. എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തി. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവെച്ചു. ഇതോടൊപ്പം വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണെന്നും എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങളെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതേസമയം, രാഹുലിനെ അനുകൂലിക്കുന്നവർ പരാതിയുമായി രംഗത്തെത്തിയ യുവതികളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിലും ഇതുമായി ബന്ധപ്പെട്ട കേസുകളും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സൈബർ ആക്രമണങ്ങൾക്ക് ഭീഷണിയുടെ സ്വരമെന്നാണ് കോടതി വിലയിരുത്തിയത്. ജാമ്യം നൽകിയാൽ എംഎൽഎ എന്ന അധികാരം വെച്ച് രാഹുൽ പരാതിക്കാരിയെ സമർദ്ദത്തിലാക്കും. അതുകൊണ്ടുതന്നെ പ്രതിഭാഗത്തിന്റെ വാദങ്ങൾ എല്ലാം തള്ളികൊണ്ടായിരുന്നു  തിരുവല്ല മജിസ്ട്രേറ്റ് കോടതി വിധി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലും മജിസ്ട്രേറ്റ് കോടതി തള്ളിയ അതെ വാദങ്ങൾ തന്നെ കുരുക്കായേക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: