Headlines

തൃശൂരിലെ പോലീസ് സ്റ്റേഷനുകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു; ഇനി ടോക്കണ്‍ വാങ്ങി പിആർഒയെ കാണിക്കണം

തൃശൂര്‍ : സിറ്റി പോലീസിനുകീഴിലെ പോലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശകര്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് പുതിയ ടോക്കണ്‍ സമ്പ്രദായം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ടോക്കണ്‍ മെഷീന്‍ സ്ഥാപിക്കുന്നത്.

പൊതുജനങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ടോക്കണ്‍ മെഷീനിലെ ചുവപ്പുബട്ടണ്‍ അമര്‍ത്തിയാല്‍ ടോക്കണ്‍ ലഭിക്കും. ഇത് പോലീസ് സ്റ്റേഷന്‍ പി.ആര്‍.യെ കാണിക്കണം. ടോക്കണ്‍ സീരിയല്‍ നമ്പര്‍ ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അതാത് പോലീസ് സ്റ്റേഷന്‍ പിആര്‍ഓമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ അറിയിച്ചു.

പോലീസ് സ്റ്റേഷനില്‍ ഒരു വ്യക്തി എത്തിയ സമയം, തിയതി എന്നിവ കൃത്യമായി ടോക്കണില്‍ രേഖപ്പെടുത്തും. ഇതുകൂടാതെ പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട എമര്‍ജന്‍സി ടെലിഫോണ്‍ നമ്പറുകളും, അറിയിപ്പുകളും ടോക്കണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ അനാവശ്യമായി സമയം ചിലവഴിച്ചുവെന്നും, കൃത്യസമയത്ത് സേവനം ലഭ്യമാക്കിയില്ല എന്നുമുള്ള ആരോപണങ്ങള്‍ ഇല്ലാതാകുമെന്നും പുതിയ സംവിധാനത്തിലൂടെ പ്രതീക്ഷിക്കുന്നു.

പോലീസ് സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഓരോ ദിവസവും എത്തുന്ന പൊതുജനങ്ങള്‍ എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തും. ഓരോദിവസത്തേയും, മാസത്തേയും മൊത്തം സന്ദര്‍ശകരുടെ എണ്ണം, എത്തിയ സമയം തുടങ്ങിയ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ കഴിയും. ഒപ്പം ആദ്യം വന്നവര്‍ക്ക് ആദ്യം സേവനം നല്‍കുക എന്ന രീതി കൃത്യമായി അവലംബിക്കുന്നതിനും എല്ലാവര്‍ക്കും സേവനം ലഭിച്ചു എന്ന് ഉറപ്പാക്കുന്നതിനും സാധിക്കും. ആദ്യഘട്ടത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടോക്കണ്‍ മെഷീന്‍ ഘട്ടം ഘട്ടമായി മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: