കൊല്ലം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് അറസ്റ്റിലായത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറിയാണ് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്.
വിവരം അറിയിച്ചതിനെ തുടർന്നെത്തിയ കടയ്ക്കൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒരു വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.

