ചെന്നൈ: വിവാഹം കഴിഞ്ഞ് നാലാം ദിവസം വധു ആത്മഹത്യചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ലോകേശ്വരിയാണ് പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയപ്പോഴാണ് യുവതി ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പറഞ്ഞുറപ്പിച്ചതിൽ നിന്നും ഒരു പവൻ സ്വർണം കുറഞ്ഞതിന്റെ പേരിൽ യുവതി ഭർതൃവീട്ടിൽ പീഡനത്തിനിരയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ലേകേശ്വരി ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുളിക്കാനായി പോയ ലോകേശ്വരി ഏറെ നേരംകഴിഞ്ഞും തിരിച്ചുവരാതായതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ശുചിമുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ലോകേശ്വരിയുടെ ജീവൻ രക്ഷിക്കാനായില്ല.
നാലുദിവസം മുൻപാണ് ലോകേശ്വരിയും മുപ്പത്തേഴുകാരനായ പനീറും വിവാഹതിരായത്. ഇയാൾ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പത്തുവൻ സ്വർണമാണ് പനീറിൻറെ കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ അഞ്ചു പവൻ നൽകാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോൾ അംഗീകരിച്ചു. പക്ഷേ ലോകേശ്വരിയുടെ കുടംബത്തിന് നാലു പവൻ സ്വർണമാണ് നൽകാൻ കഴിഞ്ഞത്. ഒരു ബൈക്കും ഇവർ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ ഒരു പവൻ സ്വർണവും എസിയും നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിൻറെ കുടുംബം യുവതിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി.
ഭർത്താവിൻറെ അമ്മയും സഹോദരൻറെ ഭാര്യയും ചേർന്ന് വീട്ടുജോലികൾ മുഴുവനും യുവതിയെ കൊണ്ട് ചെയ്യിപ്പിച്ചുവെന്നാണ് ലോകേശ്വരിയുടെ കുടുംബത്തിന്റെ ആരോപണം. സോഫയിൽ ഇരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. മൂത്തമരുമകൾക്ക് 12 പവൻ സ്വർണം ലഭിച്ചിരുന്നുവെന്ന് പറഞ്ഞും ഭർതൃമാതാവ് ലോകേശ്വരിയെ സമ്മർദത്തിലാക്കി. ഒരു പവൻ സ്വർണത്തിൻറെ പേരിൽ ലോകേശ്വരിയെ ഭർത്താവിൻറെ കുടുംബം പീഡിപ്പിച്ചിരുന്നെന്നും ഇത് താങ്ങാനാകാതെയാണ് യുവതി ജീവനൊടുക്കിയത് എന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
തിരുപ്പൂരിൽ കഴിഞ്ഞ ഞായറാഴ്ച സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും സമാനമായ മറ്റൊരു സംഭവവും പുറത്തുവരുന്നത്.
