കല്‍പ്പറ്റ : കല്‍പ്പറ്റ നഗരത്തില്‍ വമ്പൻ എംഡിഎംഎ വേട്ട. ടൗണ്‍ പ്രദേശങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ എംഡിഎംഎ ചില്ലറ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് യുവാക്കള്‍ പിടിയലായി. കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വദേശി ആഞ്ഞിലി വീട്ടില്‍ സോബിന്‍ കുര്യാക്കോസ് (24), മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാല്‍ സ്വദേശി പുത്തൂക്കണ്ടി വീട്ടില്‍ മുഹമ്മദ് അസനുല്‍ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി ചോലക്കല്‍ വീട്ടില്‍ അബ്ദുല്‍ മുഹമ്മദ് ആഷിഖ് (22) എന്നിവരെയാണ് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
പ്രതികളില്‍ സോബിന്‍ കുര്യാക്കോസ്, മുഹമ്മദ് അസനുല്‍ ഷാദുലി എന്നിവര്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് മുന്‍പും സമാന കേസില്‍ പിടിയിലായിട്ടുണ്ട്. ഈ കേസിന്‍റെ വിചാരണ നടപടികള്‍ കോടതിയില്‍ പുരോഗമിച്ചു വരുന്നതിനിടെയാണ് വീണ്ടും പിടിയിലായിരിക്കുന്നത്. മൂന്നംഗ സംഘത്തിന് കൂടുതല്‍ അളവില്‍ എംഡിഎംഎ എത്തിച്ചു നല്‍കുന്ന സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
0.5 ഗ്രാം എംഡിഎംഎ പോലും കൈവശം വെക്കുന്നത് പത്ത് വര്‍ഷം വരെ കഠിന തടവ് ലഭിച്ചേക്കാവുന്ന കുറ്റമായിരിക്കെയാണ് പ്രതികളില്‍ രണ്ടുപേര്‍ വീണ്ടും മയക്കുമരുന്ന് കടത്തില്‍ പിടിയിലായിരിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എ ഉമ്മര്‍, പ്രിവന്റീവ് ഓഫീസര്‍ കെ എം ലത്തീഫ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ വി സൂര്യ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പിസി സജിത്ത്, കെകെ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
