അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ഒറ്റ ദിവസത്തെ മഴയിൽ മൂന്ന് പേർ മരിച്ചു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 12 വയസ്സുള്ള ഒരു ആൺകുട്ടിയും 63 വയസ്സുള്ള ഒരു പുരുഷനും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ബിടിഎം ലേഔട്ടിലാണ് 2 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. താമസക്കാരനായ മൻമോഹൻ കാമത്തും, അപ്പാർട്ട്മെന്റിലെ തൊഴിലാളിയായ നേപ്പാൾ സ്വദേശി ഭരതിന്റെ മകൻ ദിനേശും വൈദ്യുതി മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.


മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം മൂന്നായി. നേരത്തെ ശക്തമായ മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണ് 35 വയസുള്ള യുവതി മരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രികളിൽ ആറ് മണിക്കൂറിലധികം നഗരത്തിൽ കനത്ത മഴ പെയ്തു. കനത്ത മഴയിൽ നഗരത്തിലുടനീളമുള്ള നിരവധി റോഡുകളും, ബേസ്‌മെന്റുകളും, താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

നഗരത്തിലെ 210 വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ 166 പ്രദേശങ്ങളിലെ വെള്ളപ്പൊക്കം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞു. സിൽക്ക് ബോർഡ് ജംഗ്ഷൻ, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ അളവിൽ മഴ ലഭിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഇവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘197 കിലോമീറ്റർ മഴവെള്ള ഡ്രെയിനുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ടെന്നും ഇതിനായി 2,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന 132 സ്ഥലങ്ങൾ ട്രാഫിക് പോലീസ് കണ്ടെത്തി. ഇതിൽ 82 എണ്ണം നന്നാക്കിയപ്പോൾ 41 എണ്ണം തീർപ്പാക്കിയിട്ടില്ല,’ശിവകുമാർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: