തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്.
എസ്ബിഐയില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇന്‍ഷുറന്‍സ് പദ്ധതിയുടെ കരാറിലേര്‍പ്പെട്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
വ്യക്തിഗതമായ അപകടത്തില്‍ മരിക്കുന്ന കെഎസ്ആര്‍ടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് കിട്ടുക. സ്ഥിരമായ പൂര്‍ണ്ണ വൈകല്യം ലഭിക്കുന്നവര്‍ക്കും ഒരു കോടി രൂപ കിട്ടും. സ്ഥിരമായ ഭാഗിക വൈകല്യം സംഭവിച്ചാല്‍ 80 ലക്ഷം രൂപ കിട്ടും.
പതിനായിരം രൂപയ്ക്കും 25000 രൂപയ്ക്കും ഇടയില്‍ ശമ്പളം വാങ്ങുന്ന 1688 തൊഴിലാളികളുണ്ട്. 25000ത്തിനും അമ്പതിനായിരത്തിനും ഇടയില്‍ ശമ്പളം വാങ്ങുന്നവര്‍ 19122 തൊഴിലാളികളുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നത് 1274 പേരുണ്ടെന്നും മന്ത്രി പറഞ്ഞു.
25000 ത്തിന് മുകളില്‍ ശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാല്‍ കുടുംബത്തിന് അടിയന്തരമായി ആറ് ലക്ഷം രൂപ കിട്ടും. ജീവനക്കാര്‍ യാതൊരു പ്രീമിയവും അടക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ജൂണ്‍ നാല് മുതല്‍ പദ്ധതി നിലവില്‍ വരും.
ജീവനക്കാര്‍ക്ക് ഭാര്യയേയും രണ്ട് മക്കളേയും അല്ലെങ്കില്‍ മാതാപിതാക്കളേയോ അടക്കം നാലു പേരെ പദ്ധതിയില്‍ ചേര്‍ക്കാം.
