അന്യഗ്രഹജീവി രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി ട്രംപ്

അന്യഗ്രഹജീവികൾ, തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ദശകങ്ങളായി സൂക്ഷിക്കുന്ന അതീവ രഹസ്യരേഖകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത്.

മുൻ പ്രസിഡന്റ് ബരാക് ഒബാമ യു.എഫ്.ഒകളെക്കുറിച്ച് മുൻപ് നടത്തിയ പരാമർശങ്ങളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ഒബാമ സമ്മതിച്ചിരുന്നെങ്കിലും, ഏരിയ 51 പോലുള്ള ഇടങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരുന്നില്ല. എന്നാൽ, ഒബാമ പകുതിവഴിയിൽ നിർത്തിയ കാര്യങ്ങൾ താൻ പൂർത്തിയാക്കുമെന്നും വെറും വാക്കുകളല്ല, മറിച്ച് പ്രായോഗിക നടപടികളാണ് തന്റെ ലക്ഷ്യമെന്നുമാണ് ട്രംപിന്റെ നിലപാട്.

പെന്റഗണും രഹസ്യാന്വേഷണ ഏജൻസികളും പൂഴ്ത്തിവെച്ചിരിക്കുന്ന ‘ക്ലാസിഫൈഡ്’ ഫയലുകൾ പുറത്തുവിടാൻ പ്രതിരോധ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ട്രംപ് നിർദ്ദേശം നൽകുമെന്നാണ് ട്രംപ് പറഞ്ഞത്. ലോകമെമ്പാടും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഏരിയ 51 പോലുള്ള രഹസ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള നിഗൂഢതകൾ നീങ്ങിയേക്കാം. യു.എസ് സൈന്യത്തിന്റെ കൈവശമുള്ള യു.എഫ്.ഒ ദൃശ്യങ്ങളും റഡാർ വിവരങ്ങളും പൂർണ്ണരൂപത്തിൽ വെളിച്ചം കാണും.

ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമായ താല്പര്യങ്ങളുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സുതാര്യതയുള്ള നേതാവ് എന്ന പ്രതിച്ഛായ വർദ്ധിപ്പിക്കാനും ജനശ്രദ്ധ നേടാനും ട്രംപ് ഈ വിഷയം ആയുധമാക്കുന്നുണ്ട്. ചൈനയോ റഷ്യയോ വികസിപ്പിച്ച അത്യാധുനിക സാങ്കേതികവിദ്യയാണോ ഈ അജ്ഞാത വസ്തുക്കൾ എന്ന സുരക്ഷാ ആശങ്ക നിലനിൽക്കെ, ഇവ അന്യഗ്രഹ സാങ്കേതികവിദ്യയാണെന്ന സൂചന നൽകുന്ന തെളിവുകൾ പുറത്തുവരുന്നത് ആഗോള പ്രതിരോധ നയങ്ങളെപ്പോലും മാറ്റിമറിച്ചേക്കാം.

ട്രംപിന്റെ ഈ വാഗ്ദാനം യാഥാർത്ഥ്യമായാൽ, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രീയ വെളിപ്പെടുത്തലായി ഇത് മാറും. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അന്യഗ്രഹജീവി സങ്കല്പങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: