ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ കുട്ടികൾക്ക് അമിതമായി നേർപ്പിച്ച പാൽ നൽകുന്നതായി കാണിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ഉച്ചഭക്ഷണ പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. പ്രധാനാധ്യാപിക മോണിക്ക സോണിയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോയിൽ രണ്ട് അര ലിറ്റർ പാൽ പാക്കറ്റുകൾ വെള്ളം നിറച്ച ബക്കറ്റിലേക്ക് ഒഴിക്കുന്നു. വെള്ളം ചേർത്ത പാൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്തു. ദിക്വാഹയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പാലാണ് വെള്ളത്തിൽ കലക്കിയത്.
സ്‌കൂളിലെ പാചകക്കാരി അരലിറ്റർ പാലിന്റെ രണ്ട് പാക്കറ്റുകൾ പൊട്ടിച്ച് ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തുന്നതാണ് വീഡിയോയിലുള്ളത്. ”ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളം കലർത്തിയ പാലാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായി പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ. ക്രമക്കേട് കണ്ടെത്തിയാൽ കടുത്ത നടപടികളുണ്ടാവും”- മഹോബയിലെ ബേസിക് ശിക്ഷാ അധികാരി രാഹുൽ മിശ്ര പറഞ്ഞു.
ഉത്തർപ്രദേശിൽ നേരത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടന്ന വിവിധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ മീററ്റിലെ സർക്കാർ സ്‌കൂളിൽ രണ്ട് ലിറ്റർ പാൽ അഞ്ച് ലിറ്റർ വെള്ളത്തിൽ കലർത്തിയത് വാർത്തയായിരുന്നു. 2019 സോൻഭദ്രയിലെ സർക്കാർ സ്‌കൂളിൽ ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തിയാണ് 81 വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. 2019 ആഗസ്റ്റിൽ മിർസാപൂരിലെ പ്രൈമറി സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചക്ക് കഴിക്കാൻ റൊട്ടിയും ഉപ്പും വിതരണം ചെയ്തത് വലിയ വാർത്തയായിരുന്നു.
അതേസമയം ഈ സംഭവത്തിൽ വൈറലായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനാധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് രാഹുൽ മിശ്ര സ്ഥിരീകരിച്ചു. അന്വേഷണത്തിന് ശേഷം ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു


