കുമരകത്ത്  കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ട് മഹാരാഷ്ട്ര സ്വദേശികൾ മരിച്ചു

കോട്ടയം: കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ ഇവര്‍ കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 8.45 നായിരുന്നു അപകടം.


കുമരകം ഭാഗത്തുനിന്ന് വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വിസ് റോഡ് വഴി ആറ്റിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിനുള്ളില്‍നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഹൗസ്‌ബോട്ടുകള്‍ സഞ്ചരിക്കുന്ന ഏറെ ആഴമുള്ള ആറ്റിലേക്കാണ് കാര്‍ മുങ്ങിത്താഴ്ന്നത്. വഴി പരിചയമില്ലാത്തതാണ് അപകടകാരണമായതെന്നും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വന്നതിലെ ആശയക്കുഴപ്പമാണോ അപകടത്തിലേക്ക് വഴിവെച്ചതെന്നും സംശയിക്കുന്നു.

മഴയും പ്രദേശത്തെ ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അരമണിക്കൂറിലേറെയുള്ള പ്രയത്‌നത്തിനൊടുവിലാണ് കാര്‍ ആറ്റില്‍നിന്ന് ഉയര്‍ത്തിയത്. കാറില്‍ കണ്ടെത്തിയ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനാ സ്‌കൂബാ ടീമംഗങ്ങളും വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് കാര്‍ കരക്കെത്തിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: