രണ്ടുപേര്‍ പാമ്പു കടിയേറ്റ് മരിച്ചത് 59 തവണ!, സര്‍ക്കാരിന് നഷ്ടം 11.26 കോടി രൂപ; തട്ടിപ്പ് ഇങ്ങനെ




ഭോപ്പാല്‍: പാമ്പു കടിയേറ്റ് രണ്ടുപേര്‍ മരിച്ചത് 59 തവണ! കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത കഥയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.

ജംഗിള്‍ ബുക്കിലൂടെ പ്രശസ്തമായ സിയോണി ജില്ലയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പാമ്പുകടിയേറ്റു ഒരു പുരുഷന്‍ 30 തവണയും ഒരു സ്ത്രീ 29 തവണയും മരിച്ചെന്നാണ് വ്യാജമായി രേഖ ഉണ്ടാക്കിയിരിക്കുന്നത്. വ്യാജ രേഖകളുടെ സഹായത്തോടെ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളിയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഔദ്യോഗിക രേഖകളില്‍ പാമ്പുകടിയേറ്റും വെള്ളത്തില്‍ മുങ്ങിയും ഇടിമിന്നലേറ്റും മരണം സംഭവിച്ചു എന്ന് വ്യാജ രേഖകളുടെ സഹായത്തോടെ വരുത്തി തീര്‍ത്താണ് 11.26 കോടി രൂപയുടെ അഴിമതി നടത്തിയതെന്നാണ് കണ്ടെത്തല്‍.





ജബല്‍പൂരില്‍ നിന്ന് ധനകാര്യ വകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ”അന്വേഷണങ്ങളെ തുടര്‍ന്ന് 11.26 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. തട്ടിയെടുത്ത 11.26 കോടി രൂപ 47 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തതായും കണ്ടെത്തി”- ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജോയിന്റ് ഡയറക്ടര്‍ (ഫിനാന്‍സ്) രോഹിത് കൗശല്‍ പറഞ്ഞു.

മുഴുവന്‍ തട്ടിപ്പും നടത്തിയതായി കരുതപ്പെടുന്ന അസിസ്റ്റന്റ് ഗ്രേഡ് III സച്ചിന്‍ ദഹായക് തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയത്. പണം ഗുണഭോക്തൃ അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകുന്നതിനുപകരം വ്യക്തിഗത അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. ഇത് തട്ടിപ്പ് ആസൂത്രിതവും സംഘടിതവുമായ രീതിയിലാണ് നടന്നതെന്ന് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.



2018-19 നും 2021-22 നും ഇടയില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പില്‍, സര്‍ക്കാര്‍ രേഖകളില്‍ പാമ്പുകടിയേറ്റും വെള്ളത്തില്‍ മുങ്ങിയും ഇടിമിന്നലേറ്റും മരിച്ചതായാണ് കാണിച്ചിരിക്കുന്നത്. പലരും പാമ്പുകടിയേറ്റ് ഒന്നിലധികം തവണ മരിച്ചതായും വ്യാജ രേഖ ഉണ്ടാക്കിയിട്ടുണ്ട്. താലൂക്ക് രേഖകളില്‍ രമേശ് എന്ന വ്യക്തി 30 തവണയും ദ്വാരിക ബായി 29 തവണയും രാം കുമാര്‍ 28 തവണയും പാമ്പുകടിയേറ്റ് മരിച്ചതായാണ് കാണിച്ചിരിക്കുന്നത്.

പാമ്പുകടിയേറ്റും വെള്ളത്തില്‍ മുങ്ങിയും ഇടിമിന്നല്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മൂലവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പരമാവധി 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. ‘ധനകാര്യ വകുപ്പിന്റെ ഉത്തരവനുസരിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ പാമ്പുകടിയേറ്റതുപോലുള്ള ദുരന്തങ്ങള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. അന്വേഷണത്തില്‍ 11.26 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. താലൂക്ക് രേഖകളില്‍ മരിച്ചതായി കാണിച്ചിരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഞങ്ങളുടെ ടീമിന് ലഭ്യമാക്കിയിട്ടില്ല,’- രോഹിത് കൗശല്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: