കോട്ടയം: ക്യൂആര്‍ കോഡ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുമായി ഭിക്ഷാടനത്തിനിറങ്ങിയ രണ്ടു സ്ത്രീകളെ റെയില്‍വേ പോലിസ് പിടികൂടി. ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കര്‍ണാടക സ്വദേശിനിയുമാണ് പിടിയിലായത്. ക്യുആര്‍ കോഡുവഴി ലഭിക്കുന്ന പണം ഇവരുടെ സ്പോണ്‍സര്‍മാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് റെയില്‍വേ പോലിസ് പറഞ്ഞു. രണ്ടു പേരില്‍ നിന്നുമായി ക്യൂആര്‍ കോഡ് പതിച്ച 150ഓളം കാര്‍ഡുകള്‍ പിടിച്ചെടുത്തു. പണമായി 250 രൂപ മാത്രമാണ് കണ്ടെത്തിയത്. ആറുമാസം പ്രായമായ കുട്ടിയെ ശിശുഭവനത്തില്‍ ഏല്‍പ്പിച്ചശേഷമാണ് ലക്ഷ്മി ഡിജിറ്റല്‍ ഭിക്ഷാടനത്തിനിറങ്ങിയത്. സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
