കോഴിക്കോട് : നഗരത്തിൽ രണ്ടിടങ്ങളിലായി നടത്തിയ ലഹരിവേട്ടയിൽ രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി. ഡാൻസാഫ് ടീമും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അരക്കിണർ സ്വദേശി മുനാഫിസ് (29), തൃശൂർ സ്വദേശി ധനൂപ് (26), ആലപ്പുഴ സ്വദേശി അതുല്യ റോബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50.95 ഗ്രാം എം.ഡി.എം.എ പിടികൂടി.ധനൂപിനെയും അതുല്യയെയും അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അതുല്യ കോഴിക്കോട് ജില്ലയിൽ എം.ഡി.എം.എ കാരിയറായി മുമ്പ് പ്രവർത്തിച്ചതായി ലഭിച്ച സൂചനയിൽ ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് രണ്ടുപേരെയും ലോഡ്‌ജിൽ നിന്ന് പിടികൂടുന്നത്. ബംഗളുരുവിൽ കഞ്ചാവുമായി പിടിയിലായതിന് ധനൂപിനെതിരെ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.
മാവൂർ റോഡ് മൃഗാശുപത്രിക്ക് സമീപത്ത് നിന്നാണ് മുനാഫിസിൽ നിന്ന് 14.95 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. എം.ടെക് വിദ്യാർത്ഥിയായ മുനാഫിസ് ലഹരി ഉപയോഗിക്കുകയും വില്‌പന നടത്തുകയുംചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ 700 ഗ്രാം എം.ഡി.എം.എ പിടിച്ചതിന് ബംഗളുരുവിലും ഹാഷിഷ് പിടികൂടിയതിന് ദുബായിലും ഇയാൾക്കെതിരെ കേസുണ്ട്. നാലരവർഷം ദുബായിലും എട്ടുമാസം ബംഗളുരുവിലും മുനാഫിസ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
