തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. പെരിങ്ങോട്ടുകര സ്വദേശികളായ സെമീം (20), അഭിജിത്ത് (21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാറിൽ വെച്ച് 15 വയസ്സുകാരനെ ബലമായി പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു.
കുട്ടിയുടെ സുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ നിന്ന് പ്രതികളെ വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 25-ന് വൈകീട്ട് കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്ന കുട്ടിയെ പുറത്തേക്ക് വിളിച്ചിറക്കി മോട്ടോർസൈക്കിളിൽ കയറ്റി തൃപ്രയാർ പാലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് കൈകൾ കൊണ്ടും കല്ലുകൊണ്ടും ക്രൂരമായി മർദിച്ചു. ഇടത് കണ്ണിന് സാരമായി പരിക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്.
സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയെയും മാതാപിതാക്കളെയും കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അറസ്റ്റിലായ അഭിജിത്ത് നേരത്തെയും അടിപിടി, ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ, സബ് ഇൻസ്പെക്ടർ എബിൻ സി.എൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
