ബെംഗളുരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ പൊലീസുകാരൻ ജീവനൊടുക്കി. കർണാടകയിലെ വിജയപുര ജില്ല സ്വദേശിയായ തിപ്പണ്ണ അലുഗുർ എന്ന യുവാവാണ് ജീവനൊടുക്കിയത്. മുപ്പത്തിമൂന്നുകാരനായ തിപ്പണ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. ഇയാൾ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും ഭാര്യാപിതാവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ഇയാൾ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പൊലീസ് യൂണിഫോമിലാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടിയത്.
ഹെഡ് കോൺസ്റ്റബിളായ തിപ്പണ്ണ അലുഗുർ ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മൂന്നുവർഷങ്ങൾക്ക് മുൻപ് പാർവതി എന്ന യുവതിയെ വിവാഹം ചെയ്തു. പാർവതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി കന്നഡയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഡിസംബർ 12ന് ഫോണിൽ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്കുർ റെയിൽവേ സ്റ്റേഷന് അരികിലായി പാർക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കമെന്നും സഹപ്രവർത്തകനോട് ആത്മഹത്യക്കുറിപ്പിൽ ഇയാൾ അഭ്യർഥിച്ചിട്ടുണ്ട്.
പാർവതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പാർവതിക്കെതിരെ കേസെടുക്കണമെന്നാണ് തിപ്പണ്ണയുടെ അമ്മ ആവശ്യപ്പെടുന്നത്. ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഐടി ജീവനക്കാരൻ ജീവനൊടുക്കിയത് ചർച്ചയാകുന്നതിനിടെയാണ് സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.
