ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ സമ്പൂർണമായി തകർക്കുമെന്ന് വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകത്തില്‍ ജീവിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും. പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീര്‍ക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുന്നതിനായി ഇറാന്‍ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48 മണിക്കൂര്‍ സമയം നല്‍കിയത്. നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാന് മേല്‍ അതിശക്തമായ സൈനികാക്രമണം ഉണ്ടാകുമെന്നും ‘നരകം മുഴുവന്‍ ഭൂമിയില്‍ ഇറങ്ങും’ എന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
യുഎസും ഇസ്രായേലും ചേര്‍ന്ന് ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്‍ എണ്ണ വ്യാപാരത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചത്. ഇതോടെ ആഗോള ഊര്‍ജവിപണി പ്രതിസന്ധി നേരിട്ടത് യുഎസിന് കനത്ത തിരിച്ചടിയായിരുന്നു. ഹോര്‍മുസ് തുറക്കാന്‍ ട്രംപ് പല അടവുകളും പ്രയോഗിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല. ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് മാര്‍ച്ച് 22ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 26ന് ഈ സമയപരിധി പിന്നീട് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനല്‍കി. വീണ്ടും രണ്ട് ദിവസം കൂടി നല്‍കുകയാണെന്നാണ് ഇന്നലെ പറഞ്ഞത്.
ഹോര്‍മുസ് തുറക്കാന്‍ സൈനികമായി ഇടപെടണമെന്ന ട്രംപിന്റെ ആവശ്യം നാറ്റോ സൈനിക സഖ്യത്തിലെ രാഷ്ട്രങ്ങള്‍ തള്ളിയിരുന്നു. ഇതോടെ പാശ്ചാത്യരാജ്യങ്ങള്‍ക്കിടയില്‍ യുഎസും ഇസ്രായേലും ഒറ്റപ്പെട്ട നിലയിലാണ്. നയതന്ത്ര മാര്‍ഗത്തിലൂടെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കണമെന്ന നിര്‍ദേശമാണ് യുകെയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വെച്ചത്. ഇതിനായി യുകെയുടെ നേതൃത്വത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 40 രാഷ്ട്രങ്ങളുടെ യോഗവും വിളിച്ചിരുന്നു.

