വന്ദേമാതരം നിര്‍ബന്ധമല്ല; സ്‌കൂളുകളിലും ഓഫിസുകളിലും ആലപിച്ചില്ലെങ്കില്‍ ശിക്ഷയില്ലെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കണമെന്നത് നിർബന്ധമില്ലെന്ന് സുപ്രിംകോടതി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ചാണ് സുപ്രിംകോടതിയുടെ ഇൗ നിരീക്ഷണം. വന്ദേമാതരം ആലപിക്കല്‍ സർക്കുലറില്‍ നിർബന്ധമാക്കിയിട്ടില്ലെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ ശിക്ഷയൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.വന്ദേമാതരം ആലപിക്കാൻ വിസമ്മതിക്കുന്നവർക്കെതിരേ സാമൂഹിക വിവേചനമുണ്ടാകാമെന്ന ഹരജിക്കാരന്റെ ആശങ്ക അവ്യക്തമാണെന്നും കോടതി വ്യക്തമാക്കി. വന്ദേമാതരത്തിന്റെ മുഴുവൻ ശ്ലോകങ്ങളും ഓഫിസുകളിലും സ്‌കൂളുകളിലും ആലപിക്കണമെന്ന സർക്കുലർ ജനുവരി 28നാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്ത് മുഹമ്മദ് സയ്യിദ് നൂറിയെന്നയാള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സർക്കുലർ ഒരു ഉപദേശം മാത്രമാണെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. അത് പാലിക്കാത്തതിന് ശിക്ഷ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ നിർബന്ധമല്ലെന്നും കോടതി പറഞ്ഞു.ശിക്ഷ നിശ്ചയിച്ചിട്ടില്ലെങ്കില്‍ പോലും സർക്കുലർ വന്ദേമാതരം ആലപിക്കണമെന്ന സാമൂഹിക നിർബന്ധിതാവസ്ഥയിലേക്ക് നയിക്കുമെന്നും അത് പാലിക്കാത്ത വ്യക്തികളെ ഒറ്റപ്പെടുത്തുകയും വിവേചനം കാണിക്കുകയും ചെയ്യുമെന്നും ഹരജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ വാദിച്ചു. സർക്കുലറില്‍ വേണമെങ്കില്‍ ചെയ്യാവുന്നതാണെന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. നിരീശ്വരവാദികള്‍ ഉള്‍പ്പെടെ എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകള്‍ രാജ്യക്കൂറിനോടുള്ള സാമൂഹിക പ്രകടനം എന്ന നിലയില്‍ ഗാനം ആലപിക്കാൻ നിർബന്ധിതരാകുമെന്ന് ഹെഗ്ഡെ വീണ്ടും എടുത്തുപറഞ്ഞു.വന്ദേമാതരം ആലപിക്കാത്തതിന് ആർക്കെങ്കിലും വിവേചനം നേരിട്ടാല്‍ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് തുടർന്ന് വ്യക്തമാക്കി. ഇതിനിടെ ദേശസ്‌നേഹം നിർബന്ധമല്ലെന്ന് പറയുന്ന ഒരു വ്യക്തിയെ ഹരജി ഏല്‍പ്പിക്കരുതെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു. ഭരണഘടന എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും അത് രാഷ്ട്രീയമായോ മതപരമായോ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് നോക്കുന്നില്ലെന്നുമായിരുന്നു ഹെഗ്‌ഡെയുടെ മറുപടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: