ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, ഒടുവില്‍ വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോല്‍ മടക്കി നല്‍കി മകള്‍

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്റെ താക്കോൽ തിരികെ നൽകി മകൾ. മാതാപിതാക്കളെ പുറത്താക്കിയതിൽ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്‍റെ താക്കോൽ മകള്‍ മാതാപിതാക്കൾക്ക് മടക്കി നൽകിയത്. മന്ത്രി ആർ ബിന്ദുവടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു

ഇന്നലെ വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവനെയും (79), ഭാര്യ സുഷമ്മയെയും (73) മകൾ സിജി വീട്ടില്‍ നിന്ന് പുറത്താക്കി വാതിൽ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ അംഗീകരിച്ചില്ല. പിന്നാലെ അർബുദരോഗിയായ സദാശിവന്‍റെയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനൽ വഴി മകൾ പുറത്തേക്കിടുകയായിരുന്നു.

മാതാപിതാക്കളെ ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇവർ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇന്ന് വൃദ്ധമാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മകൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിനും വഞ്ചന കുറ്റത്തിനുമാണ് അയിരൂർ പൊലീസ് മകൾ സിജിക്കും, ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: