ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ ലോക്സഭ പാസ്സാക്കി
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അംഗീകാരം നല്‍കിയത്. സഭയില്‍ ബില്‍ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചത്.
സർക്കാർ മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകളില്‍ വെള്ളം ചേർക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ഇത് പുതിയ പദ്ധതിയാണെന്നും, പ്രതിപക്ഷ ബഹളത്തിന് കീഴടങ്ങില്ലെന്നും കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നല്‍കി. മഹാത്മാഗാന്ധിയുടെ പേര് എൻആർഇജിഎയില്‍ ചേർത്തത് 2009 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ശിവരാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തി. ലോക്സഭ പാസ്സാക്കിയ ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വരും.
വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്‌ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു


