വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കിളിമാനൂർ: വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് അറസ്റ്റിലായത്. വസ്‌തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് വിജയകുമറിനെ പിടികൂടുകയായിരുന്നു. പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരന്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കര ഭൂമിയാക്കുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തി. പക്ഷേ, വില്ലേജ് ഓഫീസർ കളകറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറായ വിജയകുമാർ പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.

തുടർന്ന് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കൂ എന്ന് പറഞ്ഞു തിരികെ അയച്ചുവത്രെ. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് രാവിലെ 11.40 ഓടെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്.അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജയകുമാർ കാടാക്കട സ്വദേശിയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: