തമിഴ് വെട്രി കഴകത്തിൻ്റെ പാർട്ടി പതാക പുറത്തിറക്കി വിജയ്



ചെന്നൈ: സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 9.15ന് നടന്ന ചടങ്ങില്‍ വിജയ് പതാക ഉയര്‍ത്തി. ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും വാകപ്പൂവും ആലേഖനം ചെയ്തിട്ടുണ്ട്

പാര്‍ട്ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലൂടെയാണ് അറിയിച്ചിരുന്നു.

ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്ഞ ചൊല്ലി. ‘‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്ഥാർ‌ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ – ഇതായിരുന്നു പാർട്ടി പ്രതിജ്ഞ.

‘എല്ലാ ദിവസവും പുതിയ ദിശകള്‍ നമുക്ക് സമ്മാനിക്കുന്നുവെങ്കില്‍ അതൊരു അനുഗ്രഹമാണ്. ഓഗസ്റ്റ് 22 2024 ദൈവവും പ്രകൃതിയും നമുക്ക് അങ്ങനെ അനുഗ്രഹം നല്‍കിയ ദിവസമാണ്. ഈ ദിവസം പാര്‍ട്ടിയുടെ പതാകയും ഔദ്യോഗിക ചിഹ്നവും പുറത്തിറക്കും’ – കുറിപ്പില്‍ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: