Headlines

വീഡിയോ ചിത്രീകരിക്കുന്നതിനായി ‘ഡെവിൾ ക്രാബിനെ’ കഴിച്ചു; ചുണ്ടുകൾ കടും നീല നിറമായി; വിഷം ഉള്ളിൽ വ്ലോഗർക്ക് ദാരുണാന്ത്യം

സമൂഹ മാധ്യമത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി ‘ഡെവിൾ ക്രാബ്’ കഴിച്ചതിനെ തുടർന്ന് ഫിലിപ്പീൻസ് ഫുഡ് വ്ലോഗർ മരിച്ചു. 51 -കാരിയായ എമ്മ അമിതാണ് മരണപ്പെട്ടത്. ഫെബ്രുവരി 4 ന് പലാവനിലെ പ്യൂർട്ടോ പ്രിൻസെസയ്ക്കടുത്തുള്ള ഒരു കണ്ടൽക്കാട്ടിൽ നിന്ന് എമ്മ അമിതും സുഹൃത്തുക്കളും ഡെവിൾ ക്രാബ് വിളവെടുത്തിരുന്നു. മനുഷ്യർക്ക് ഹാനീകരമായ വിഷമടങ്ങിയ കടൽ ഒച്ചാണ് ഡെവിൾ ക്രാബ്.


ഇത് വിളവെടുക്കുന്നതും തുടർന്ന് തേങ്ങാപ്പാലിൽ പാകം ചെയ്യുന്നതും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. വീഡിയോയിൽ, പാകം ചെയ്ത മറ്റ് കടൽജീവികളോടൊപ്പം തയ്യാറാക്കിയ കടൽ ഭക്ഷണത്തിൽ നിന്നും സ്റ്റൂ പോലെ തോന്നിക്കുന്ന ഒരു കടൽ ഒച്ചിനെ എമ്മ അമിത് ഭക്ഷിക്കുന്നത് കാണാം.

ഭക്ഷണം കഴിച്ച് ഏതാണ്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ എമ്മയ്ക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഉടനെ തന്നെ അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അബോധാവസ്ഥയിലായപ്പോഴെക്കും എമ്മയുടെ ചുണ്ടുകൾ കടും നീല നിറമായി മാറിയെന്നും പിന്നാല അവരുടെ ആരോഗ്യനില വഷളായെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും കടൽ ഒച്ചിനെ കഴിച്ച് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 6 ന് എമ്മ മരിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ‘ഡെവിൾ ക്രാബ്’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വിഷമുള്ള ക്രസ്റ്റേഷ്യൻ കഴിച്ച് യുവതി മരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

എമ്മ അമിതിന്‍റെ വീട് സന്ദർശിച്ച ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും ഡെവിൾ ക്രാബിന്‍റെ പുറംതോട് കണ്ടെത്തി. ഇന്തോ – പസഫിക് സമുദ്രത്തിലുടനീളമുള്ള പവിഴപ്പുറ്റുകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഡെവിൾ ക്രാബ്. പഫർഫിഷുമായി ബന്ധമുള്ള ഇവയ്ക്ക് അതേ വിഷാംശമുണ്ട്. സാക്സിടോക്സിൻ, ടെട്രോഡോടോക്സിൻ തുടങ്ങിയ ശക്തമായ ന്യൂറോടോക്സിനുകൾ ഇവയുടെ ശരീരത്തിലുണ്ടെന്നും അധികൃതർ പറയുന്നു. ഈ വിഷവസ്തുക്കൾ കഴിക്കുന്നത് മണിക്കൂറുകൾക്കുള്ളിൽ മനുഷ്യരെ ദോഷകരമായി ബാധിക്കുന്നു.

ഫിലിപ്പീൻസിലെ ഏറ്റവും വിഷമുള്ള ഇറച്ചിയായി ഇതിനെ കണക്കാക്കുന്നു. ഇതിൽ നിന്ന് വിഷബാധയേറ്റ് മനുഷ്യ മരണത്തിന് കാരണമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വസിക്കുന്ന ഇവയിൽ മനുഷ്യനെ കൊല്ലാനുള്ള വിഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: