തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ.
ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും സുനിൽകുമാർ പറഞ്ഞു.
ഏതുകാലത്തും പൂരം നടത്തിപ്പിന്‍റെ പ്രധാന ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും ജില്ലാ കളക്ടർക്കുമാണ്. അന്ന് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ മന്ത്രിമാർക്കോ രാഷ്ട്രീയനേതാക്കൾക്കോ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമതിയുണ്ടായിരുന്നു. അന്ന് ഈ സംഭവം നടക്കുമ്പോൾ ജില്ലാ കളക്ടറുടെ പൂർണസാന്നിധ്യം അവിടെയുണ്ടായിരുന്നു.
ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇതിൽ പ്രതിസ്ഥാനത്ത് വരികയാണെങ്കിൽ ഒന്നാംപ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാ കളക്ടറാണ്. അതിൽ യാതൊരു സംശയവുമില്ല. അന്ന് ജില്ലാ കളക്ടറെ ബന്ധപ്പെട്ടപ്പോൾ നിങ്ങൾ അങ്ങോട്ടേക്ക് വരേണ്ടെന്നാണ് കളക്ടർ പറഞ്ഞത്. അങ്ങനെയുള്ള വർത്തമാനം പറഞ്ഞെങ്കിലും സംഭവിച്ചത് മറിച്ചാണ്. പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് കളക്ടറുടെ നിസംഗത കാരണമാണെന്നും വി.എസ്. സുനിൽകുമാർ ആരോപിച്ചു.
അന്ന് പുലർച്ചെ മൂന്നരയ്ക്ക്‌ശേഷം താനും മന്ത്രി രാജനും ഇടപെട്ട്, തിരുവമ്പാടി ദേവസ്വവുമായി സഹകരിച്ചാണ് വെടിക്കെട്ട് നടന്നത്. ആ യോഗത്തിൽ എന്തുകൊണ്ട് കളക്ടർ പങ്കെടുത്തില്ല. അതിന്‍റെ അർഥം പൂരം അലങ്കോലപ്പെടണമെങ്കിൽ അലങ്കോലപ്പെടട്ടേ എന്ന് കളക്ടർ കരുതിയിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം മാറിയപ്പോൾ അത് വ്യക്തമാണ്. പൂലം കലക്കലിൽ യഥാർഥ പ്രതികൾ ആരാണെന്ന് കണ്ടെത്തണമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
തൃശൂർ പുരം അടുത്തിരിക്കെ ഒരുവിവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് ഒരിക്കലും യോജിക്കാനാകില്ല. അതിലെ ചില സ്ഥാപിത താത്പര്യമുള്ള വ്യക്തികൾ, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയലക്ഷ്യത്തോടെ അലങ്കോലപ്പെടുത്തിയെന്നാണ് തന്‍റെ അഭിപ്രായമെന്നും വി.എസ്. സുനിൽകുമാർ വ്യക്തമാക്കി


