വയനാട് :വയനാട് ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചൻ രാജിവച്ചു . കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയും , പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക നീരസവും മൂലമാണ് രാജിയെന്ന് സൂചന . രാജി കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട ഡിസിസി നേതൃത്വം പരാജയമായിരുന്നു എന്ന് പ്രിയങ്ക ഗാന്ധിയും കെപിസിസി നേതൃത്വവും ഒരുപോലെ വിലയിരുത്തി. മാത്രമല്ല കോൺഗ്രസ് ഗ്രൂപ്പിലെ അസ്വാരസ്യങ്ങളും രാജിക്ക് കാരണമായതായി സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ സന്ദർശനം നടത്തിയപ്പോൾ എൻഡി അപ്പച്ചനെ പരിപാടികളിൽ നിന്നും പൂർണമായി ഒഴിവാക്കിയിരുന്നു.
പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഡിസിസി നേതൃത്വത്തിൽ അഴിച്ചു പണിക്ക് നിർദ്ദേശം നൽകിയത്. ഇതിൻറെ ഭാഗമാണ് അപ്പച്ചന്റെ രാജി.
മുൻ ഡിസിസി ട്രഷറർ വിജയൻറെ മരണവുമായി ബന്ധപ്പെട്ട് വിവാദം കൈകാര്യം ചെയ്യുന്നതിൽ എൻഡി അപ്പച്ചന് വലിയ വീഴ്ച സംഭവിച്ചു എന്നും നേതൃത്വം വിലയിരുത്തുന്നു.വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് വലിയ അവമതിപ്പാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടാക്കിയതെന്ന് എഐസിസിയും വിലയിരുത്തിയിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും എൻഡി അപ്പച്ചൻ രാജി വെച്ചിരിക്കുന്നത്.


