വയനാട്: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും വന്യ ജീവി ആക്രമണം. വട്ടമല സ്വദേശിയുടെ ആടിനെയാണ് കൊന്നത്. രണ്ട് ദിവസം മുൻപ് സമീപ പ്രദേശത്ത് മറ്റൊരു കർഷകന്റെ ആടിനെ കൊന്നു തിന്ന കടുവ തന്നെയാണോ ഇതെന്നാണ് നിലവിലുള്ള സംശയം. വട്ടമല സ്വദേശിയായ ജിജോയുടെ ആടിനെയാണ് കൊന്നത്. ഈ പ്രദേശത്തോട് ചേർന്ന് തന്നെയാണ് കഴിഞ്ഞ ദിവസം അമരക്കുനിയിലെ ജോസഫ് എന്ന കർഷകന്റെ ആടിനെ കടുവ കൊന്നത്. അതെ ദിവസം തന്നെ അമരക്കുനിയിലെ കവലയ്ക്കടുത്ത് ഡി.എഫ്.ഒ പരിശോധന നടത്തിയിരുന്നു.
പ്രദേശവാസികളായ ജനങ്ങൾക്ക് നേരത്തെ തന്നെ ജാഗ്രത നിർദ്ദേശം നല്കിയിട്ടുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നും സ്ഥലത്തെത്തി വനം വകുപ്പ് ഉദോഗസ്ഥർ പരിശോധന നടത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, പരിസരങ്ങളിൽ എപ്പോഴും ശ്രദ്ധയുണ്ടാവണം തുടങ്ങിയ നിർദ്ദേശങ്ങൾ വനം വകുപ്പ് മുൻപ് ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് കാപ്പി വിളവെടുപ്പ് സീസണായതുകൊണ്ട് പുറത്തിറങ്ങാതിരിക്കാൻ ആവില്ലെന്ന് നാട്ടുകാർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ആടിനെ കൊന്ന പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. പ്രദേശത്ത് ഉടൻ തന്നെ ക്യാമറ ട്രാപ്പും വയ്ക്കും. കൂട് സ്ഥാപിച്ചിട്ടുള്ളതിനാൽ കടുവ എത്രയും പെട്ടന്ന് കുടുങ്ങുമെന്നാണ് വനം വകുപ്പും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.
