ഒൻപതാമത്തെ വയസ്സിൽ കലാരംഗത്ത് ചുവടു വച്ച താരമാണ് മോളി കണ്ണമാലി. ചവിട്ടുനാടകത്തിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. അപ്പനും അപ്പൂപ്പനും അമ്മാവൻമാരുമൊക്കെ ചവിട്ടുനാടക കലാകാരൻമാരായിരുന്നു. അഭിനേത്രി എന്നതിലുപരി ഇന്ന് രണ്ട് ചവിട്ടുനാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി ദാവീദും ഗോല്യാത്തും, ദൈവസഹായം പിള്ള എന്നീ ചവിട്ടുനാടകങ്ങളാണ് മോളി കണ്ണമാലി സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടും വലിയ വിജയമായിരുന്നു. പോന്തിയോസ് പീലാത്തോസ് എന്ന അടുത്ത ചവിട്ടുനാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
സിനിമ സംവിധായകൻ അൻവർ റഷീദാണ് മോളി കണ്ണമാലിയെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരുന്നത്. മോളി ചേച്ചി അഭിനയിച്ച സദൃശ്യവാക്യം എന്ന സാമൂഹ്യ നാടകം കണ്ടിട്ടാണ് അൻവർ റഷീദ് തന്റെ കേരള കഫേ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. തുടർന്നങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ചു.
ഒരു സ്ത്രീ എന്ന നിലയിൽ നിരവധി വെല്ലുവിളികൾ അനുഭവിച്ചു. രണ്ട് ആൺമക്കളിൽ ഇളയ മകന് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ഭർത്താവ് മരിക്കുന്നത്. പിന്നീടങ്ങോട്ട് മക്കളെ വളർത്താൻ കരിങ്കല്ല് ചുമന്നും കൂലിപ്പണിക്ക് പോയും വെള്ളത്തിലെ പണിക്ക് പോയും ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പട്ടിണി കിടന്നു. പച്ച വെള്ളം മാത്രം കുടിച്ചു കൊണ്ട് ചവിട്ടുനാടകം കളിക്കാൻ സ്റ്റേജിൽ കയറിയിട്ടുണ്ടെന്ന് മോളി കണ്ണമാലി പറഞ്ഞു. അന്നൊക്കെ രണ്ട് ദിവസം നിർത്താതെ സ്റ്റേജിൽ ചവിട്ടുനാടകം കളിച്ചിട്ടുണ്ട്.കുടുംബം പോറ്റാൻ കഷ്ടപ്പെട്ടെങ്കിലും ചവിട്ടുനാടകം ഉപേക്ഷിച്ചില്ല. പോരാട്ടങ്ങളിൽ പതറാതെ പിടിച്ചു നിന്നു.
പിന്നീട് സിനിമകളിൽ അഭിനയിക്കുമ്പോഴും ചവിട്ടുനാടകം ഉപേക്ഷിച്ചില്ല. തുടർന്ന് ഹാർട്ടിന് അസുഖം ബാധിച്ചു. മരിച്ചുപോകുമെന്ന് ഡോക്ടർമാർ വിധിയെഴുതി. അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചുകൊള്ളാൻ പറഞ്ഞു. ഇത് കേട്ട് അവിടെ നിന്നും മെഡിക്കൽ ട്രസ്റ്റിൽ കൊണ്ടുപോയി. അവിടെയും ഡോക്ടർമാർ ഇതുതന്നെ ആവർത്തിച്ചു. എങ്കിലും അവിടെ ചികിത്സ തുടർന്നു. സമ്പാദിച്ചതെല്ലാം ചികിത്സയ്ക്കായി ചിലവാക്കി. ഒടുവിൽ ദൈവസഹായത്താൽ മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റ് നടന്നു. ഈ സമയങ്ങളിലൊക്കെ സഹായിക്കാൻ അധികമാരും ഉണ്ടായില്ല. ജൂനിയർ ആർട്ടിസ്റ്റുകൾ സഹായിച്ചു. അതുപോലെ ഓസ്ട്രേലിയൻ ചലചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ മാത്യു സർ ആണ് കൂടുതലായും സഹായത്തിനുണ്ടായിരുന്നതെന്ന് മോളി ചേച്ചി നന്ദിയോടെ പറഞ്ഞു. ഇപ്പോഴും ചികിത്സ തുടരുകയാണ് ഒരു തവണ ആശുപത്രിയിൽ പോകുന്നതിന് 10000 രൂപയെങ്കിലും ചിലവു വരും. പല ടെസ്റ്റുകളും ചികിത്സകളും നടത്താൻ ഡോക്ടർമാർ ഉപദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് മോളി ചേച്ചി പറഞ്ഞു.
ഈ അടുത്ത് രണ്ട് സിനിമകൾ ചെയ്തു, അത് റിലീസ് ചെയ്തിട്ടില്ല. ജോയ് കെ മാത്യു സർന്റെ ഹോളിവുഡ് സിനിമയായ ടുമോറോയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. മോളി കണ്ണമാലിയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും ജോയ് കെ മാത്യു ആണ് നിർവഹിക്കുന്നത്.
വനിതകളോട് മോളി ചേച്ചിക്ക് പറയാനുള്ളത് ഇതാണ്, ഒരാളുടെയും മുമ്പിൽ മുട്ടുകുത്താതെ ധീരതയോടെ ജീവിക്കണം. കഷ്ടപ്പെട്ട് തന്നെ ജീവിക്കാൻ പഠിക്കണം. അങ്ങനെ കഴിക്കുന്ന ആ ചോറിന് പ്രത്യേക ഒരു രുചിയുണ്ടായിരിക്കും, അത് ശരീരത്തിന് നല്ല ആരോഗ്യം തരും. മറ്റുള്ളവരുടെ കലത്തിൽ ചോറ് കണ്ട് നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ല. നമ്മുടെ കലത്തിൽ ചോറ് വേണമെങ്കിൽ നമ്മൾ അധ്വാനിക്കണം.
