തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ, സ്കൂൾ ബസുകൾ ഉൾപ്പെടെ സംസ്ഥാനത്ത് ഓടുന്ന എല്ലാത്തരം ബസുകളിലും നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ്. ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ ട്രാൻസ്പോർട്ട് ബസുകളിലും കുറഞ്ഞത് 5 നിരീക്ഷണ ക്യാമറകളെങ്കിലും ഘടിപ്പിക്കണമെന്ന് അടുത്തിടെ ചേർന്ന സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) യോഗം നിർബന്ധമാക്കിയിരുന്നു. വെള്ളിയാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇതുസംബന്ധിച്ച ശുപാർശ പരിഗണിക്കും.
ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. കൂടാതെ ദൃശ്യങ്ങൾ പരിശോധിക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. അതേസമയം അലക്ഷ്യമായ ഡ്രൈവിങ്, മൊബൈൽഫോൺ ഉപയോഗം എന്നിവയും ക്യാമറയിൽ പകർത്തും. ഡ്രൈവർ ക്യാബിനുള്ളിൽ ഡ്രൈവറുടെ ചലനങ്ങൾ പകർത്തനാണ് ക്യാമറ ഘടിപ്പിക്കുക. നിലവിൽ ബസുകളിൽ അഞ്ച് ക്യാമറകൾ ഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ. മുന്നിലേക്കും പിന്നിലേക്കും ഉൾവശത്തേക്കുമാണ് ആദ്യഘട്ടത്തിൽ ക്യാമറ നിർബന്ധമാക്കിയത്.
ഇതിനുപുറമേ രണ്ട് ഫുട്‌ബോർഡുകളിലും ക്യാമറ പിടിപ്പിക്കാൻ പിന്നീട് തീരുമാനിച്ചു. അന്തർസംസ്ഥാന സർവീസുകൾക്ക് ഉപയോഗിക്കുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്. അമിത വേഗത, മത്സര ഓട്ടം തുടങ്ങിയ റോഡുകളിലെ ബസുകളുടെ നിയമലംഘനങ്ങൾ തടയുന്നതിനായി പുതിയ നിർദ്ദേശം കർശനമായി നടപ്പിലാക്കുമെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ ബസുകളുടെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കായിരിക്കും. ബസിന്റെ ഫിറ്റ്നസ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ഈ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
