പറമ്പിൽ കിളയ്ക്കുന്നതിനിടെകണ്ടത് പാമ്പിന്റെ മുട്ടകൾ  ഭീതിയിലായ നാട്ടുകാർക്ക് ആശ്വാസമായതു മുട്ടകൾ വിരിഞ്ഞപ്പോൾ കണ്ട നീർക്കോലികളെ

തളിപ്പറമ്പ്: ഫെബ്രുവരി 17നാണ് തളിപ്പറമ്പ് കുറുമാത്തൂർ ചവനപ്പുഴയിലെ ജോണി എന്നയാളുടെ തോട്ടത്തിൽ കിളയ്ക്കുന്നതിനിടെ 150ലേറെ പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. ഇത് കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് സ്നേക്ക് റസ്ക്യൂവർ അനിൽ ആ മുട്ടകൾ സംരക്ഷിച്ച് വച്ചു. എന്നാൽ മുട്ടകൾ വിരിഞ്ഞപ്പോൾ കണ്ടത് നീർക്കോലി കുഞ്ഞുങ്ങളെ.


കൃഷിയാവശ്യത്തിനായി പറമ്പ് കിളയ്ക്കുന്നതിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് വീട്ടുകാർ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഇത്ര മുട്ടകൾ കണ്ടെത്തിയ സ്ഥിതിക്ക് പാമ്പ് പറമ്പിലുണ്ടാകുമെന്നും കിളയ്ക്കുന്നതിനിടെ ഏതാനും മുട്ടകൾ പൊട്ടുക കൂടി ചെയ്തതായിരുന്നു വീട്ടുകാരുടെ ആശങ്ക വർദ്ധിപ്പിച്ചത്. തളിപ്പറമ്പ് റേഞ്ചർ പി.വി.അനൂപ് കൃഷ്ണൻ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ കീഴിലുള്ള മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ്‌ലൈഫ് റെസ്ക്യൂവർ അനിൽ തൃച്ചംബരമെത്തി പരിശോധിച്ച് ഇവ നീർക്കോലിയുടെ മുട്ടകളാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ ഭയം വിട്ട് മാറിയിരുന്നില്ല. ഇതോടെ, മുട്ടകൾ അനിൽകുമാർ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് സംരക്ഷിച്ചു. മുപ്പതോളം മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്.

ജലാശയങ്ങളുടെ സമീപത്തുള്ള പൊത്തുകളിലാണ് സാധാരണയായി നീർക്കോലികൾ മുട്ടയിടാറ്. 50 മുതൽ 75 വരെ മുട്ടകൾ ഇവ ഒരു തവണ ഇടാറുണ്ട്. മുട്ട വിരിയുവാൻ 2 മാസക്കാലം എടുക്കുന്നതായാണ് വനംവകുപ്പ് വിശദമാക്കുന്നത്. സാധാരണ ഗതിയിൽ മഴക്കാലമാകുമ്പോഴേയ്ക്കും വിരിയത്തക്ക വിധത്തിലാണ് ഇവ മുട്ടയിടാറ്. നിരുപദ്രവകാരിയും വിഷമില്ലാത്തവയുമാണെങ്കിലും നീർക്കോലികൾ ഇപ്പോൾ അപൂർവമായിക്കൊണ്ടിരിക്കുകയാണെന്നാണ് അനിൽകുമാർ പ്രതികരിക്കുന്നത്. നീർക്കോലി കുഞ്ഞുങ്ങളെ വൈകാതെ തന്നെ ഇവയുടെ ആവാസവ്യവസ്ഥയിൽ വിട്ടയയ്ക്കുമെന്നും അനിൽകുമാർ വിശദമാക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: