കോട്ടയം: ലോറിയുടെ ടയർ മാറ്റാൻ പിൻവശത്തെ കാരിയർ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി. ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്താണ് സംഭവം നടന്നത്. മാമ്പുഴക്കേരി നെടിയകാലപറമ്പിൽ രാജുവിന്റെയും സാന്റിയുടെയും മകൻ സിജോ രാജുവാണു മരിച്ചത്. ലോറിയുടെ പിൻവശത്തെ കാരിയർ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുമ്പോൾ ലോറിയിൽ പിടിച്ച് നിൽക്കുകയായിരുന്ന സിജോയ്ക്ക് ഷോക്കേൽക്കുകയായിരുന്നു.
ഷോക്കേറ്റ ഉടനെ സിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കഴിഞ്ഞ 10 വർഷമായി സിജോ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ലോറിയുടെ പുതിയ ടയർ കാരിയറിൽ നിന്ന് ഇറക്കാനാണ് കാരിയർ ഭാഗം ഉയർത്തിയതും അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതും. ഡ്രൈവർ കാബിനിൽ ഇരിക്കുകയായിരുന്നതിനാൽ ഷോക്കേറ്റില്ല.
