കാൺപൂർ: ഉത്തർപ്രദേശിൽ മദ്യം തലക്ക് പിടിച്ച ഭാര്യ ഭർത്താവിനെ കോടാലി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലെ തിക്ര ഗ്രാമത്തിലാണ് സംഭവം. ടെെൽസ് പണി ചെയ്യുന്ന 45കാരനായ പപ്പുവാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട യുവതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം പപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് യുവാവ് മരിച്ചത്.
പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും കോടാലി ഉപയോഗിച്ച് ഭാര്യ പപ്പുവിന്റെ തലയിൽ വെട്ടുകയും ചെയ്തു. പത്തിലേറെ തവണ വെട്ടിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് മരിച്ചെന്ന് മനസിലായതോടെ നാലുവയസുള്ള മകനുമായി യുവതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏകദേശം രണ്ടുമണിക്കൂറോളം നീണ്ട വാക്കുതർക്കത്തിനൊടുവിലാണ് വീരാംഗന ഭർത്താവിനെ ആക്രമിച്ചത്.
2019ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിൽ വഴക്കും പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് പപ്പുവിന്റെ അമ്മ ബിതോള ദേവി പറയുന്നു. കോടാലി മാത്രമല്ല അരകല്ലുകൊണ്ടും പപ്പുവിനെ ഭാര്യ ആക്രമിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുവതിക്കായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം സ്ത്രീ തറയിലെ രക്തക്കറ നീക്കം ചെയ്യുകയും പപ്പുവിന്റെ പരിക്കുകളുടെ കാരണം സംബന്ധിച്ച് ഭർതൃവീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണം മൂലമാണ് മുറിവുകൾ ഉണ്ടായതെന്ന് പിന്നീട് ഡോക്ടർമാർ പറഞ്ഞു


