തൃശൂർ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമയാണ് (36) പിടിയിലായത്. വടക്കേക്കാട് എസ്എച്ച്ഒ കെ സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതി വിൽപ്പനയ്ക്കായി വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. പൊലീസിന്റെ തിരച്ചിലിനൊടുവിൽ 1.5 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പൊലീസ് ഇൻസ്‌പെക്ടർമാരായ ആനന്ദ് കെ പി, സാബു പി എസ്, സുധീർ പി എ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ചിത്ത് കെ സി, റോഷ്നി, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമാനമായി മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളും തൃശൂരിൽ അറസ്റ്റിലായിരുന്നു. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24), ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 2.51 ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി. പ്രതികൾ ബെംഗളൂരുവിൽ നിന്നാണ് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് പൊലീസിന്‍റെയും ജില്ലാ ഡാൻസാഫിന്‍റെയും നേതൃത്വത്തിൽ ഇരുവരെയും പിടികൂടിയത്. പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022ൽ മതിലകം പൊലീസ് സ്റ്റേഷൻ അടിപിടി കേസിൽ പ്രതിയാണ്
