കോഴിക്കോട്: മയക്കുമരുന്നിന് അടിമയായ യുവാവ് ഭാര്യയെയും മക്കളെയും ആക്രമിച്ചു. പാതിരാത്രിയിൽ ഭർത്താവിൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ മകളെയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടേണ്ട ഗതികേടിലാണ് യുവതി. അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തിൽ നസ്ജക്കും മകൾക്കും നേരെയായിരുന്നു യുവാവിൻ്റെ ക്രൂരമായ ആക്രമണം. ഗത്യന്തരമില്ലാതെ കുഞ്ഞുമായി വീടുവിട്ടിറങ്ങിയ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം. മയക്കുമരുന്ന് ലഹരിയിൽ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകൾക്കും തൻ്റെ വല്ല്യമ്മയ്ക്കും പരിക്കേറ്റതായും നസ്ജ പറഞ്ഞു. മർദനം രണ്ട് മണിക്കൂറോളം നീണ്ടു. അവസാനം സഹികെട്ട് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു എന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ നാല് ദിവസങ്ങളായി യുവതിയും മകളും ഭർത്താവിൻ്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. മകളെ തേനീച്ച കുത്തിയതിനെ തുടർന്ന് ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് കിട്ടി ഇന്നലെ തിരികെ എത്തിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ഏറെക്കാലമായി ഭർത്താവിനെ പീഡനം സഹിക്കുന്നുണ്ടെങ്കിലും കൊല്ലാൻ ശ്രമിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടതെന്ന് നസ്ജ പറഞ്ഞു. ഭർത്താവിൻ്റെ ആക്രമണത്തിൽ നസ്ജയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നസ്ജയും മകളും വല്ല്യമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.


