കൊച്ചി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇല്ലിത്തോട് സ്വദേശി ക്ഷീര കർഷകനായ ശശിയുടെ വീടിന് നേരെയാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിൻ്റെ ഭിത്തി തകരുകയും ശശിയുടെ ഭാര്യ വിജിക്ക് പരിക്കേൽക്കുകയും ചെയ്തു. ഭിത്തി ദേഹത്തേക്ക് വീണാണ് വിജിക്ക് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും വിജിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇന്നലെ രാത്രി 11 മണിക്ക് ആയിരുന്നു സംഭവം. സംഭവത്തിനുശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്കാണ് കയറ്റിവിട്ടത്.
പ്രദേശത്ത് സമാനമായി കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. നിരവധി തവണ നാട്ടുകാർ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട വിധത്തിലുള്ള ഇടപെടലും ഉണ്ടായില്ല എന്നാണ് ഉയരുന്ന ആക്ഷേപം.
