കരുമാല്ലൂര്‍: ഭർത്താവ് ലഹരി ഉപയോഗിച്ച് തന്നേയും കുടുംബത്തേയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ഗസ്റ്റ് ലക്ചററായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്തിനു പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. റൂറല്‍ എസ്പി എം. ഹേമലത ഇടപെട്ടാണ് കേസെടുത്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. കൊടുവഴങ്ങ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നുകാട്ടി യുവതി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിടുകയും, റൂറല്‍ എസ്പിക്ക് പരാതി ഇമെയിലായി അയക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ യുവതി സമീപത്തുതന്നെ അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിലേക്ക് മാറി. എന്നിട്ടും ഭര്‍ത്താവ് തന്നേയും വീട്ടുകാരേയും ഉപദ്രവിച്ചുവെന്നാണ് പരാതി. കൂടാതെ വീടിനും കേടുപാടുകള്‍വരുത്തി. ഇതുതുടര്‍ന്നാല്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന മാനസികാവസ്ഥയിലാണെന്നും യുവതി പറയുന്നുണ്ട്.
എസ്പി എം. ഹേമലതയുടെ നിർദേശ പ്രകാരം ബിനാനിപുരം ഇന്‍സ്‌പെക്ടര്‍ വി.ആര്‍. സുനില്‍ ആണ് അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് മാമലകണ്ടം സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി സേവനങ്ങള്‍ നല്‍കുന്നയാളാണ് രാജേഷെന്ന് പോലീസ് പറഞ്ഞു
