ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലവും ഹോർമോൺ അസന്തുലിതാവസ്ഥ കാരണവുമൊക്കെ സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം. പിസിഒഎസ് ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടി ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് ഐഐടി ബോംബെയിലെ ഗവേഷകർ നടത്തിയ പഠനം. പിസിഒഎസ് ഉള്ളവരിൽ ഏകാഗ്രത കുറവായിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
പിസിഒഎസ് സംബന്ധിച്ചുള്ള മിക്ക പഠനങ്ങളും ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങളേക്കുറിച്ചാണ് വിശദീകരിച്ചിട്ടുള്ളത്. എന്നാൽ പിസിഒഎസ് എങ്ങനെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഏകാഗ്രത പോലുള്ളവ നഷ്ടപ്പെടുകയും ചെയ്യുന്നതെന്നാണ് പഠനത്തിൽ വിലയിരുത്തിയത്. ബിഎംസി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പിസിഒഎസ് സ്ഥിരീകരിച്ച 173 പേരെയുൾപ്പെടെ 101 പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളെ അവഗണിച്ച് ഒരേകാര്യത്തിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവ്, ഒരേസമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിങ്ങനെ തിരിച്ചാണ് ഗവേഷകർ പരിശോധിച്ചത്. ഇതിനെ മുൻനിർത്തിയുള്ള പരിശീലന പരിപാടികളും നൽകി. തുടർന്നാണ് ഏകാഗ്രത ആവശ്യമുള്ള ജോലികൾ തീർക്കുന്നതിൽ പിസിഒഎസ് ഉള്ള സ്ത്രീകൾ പുറകിലായിരുന്നുവെന്ന് കണ്ടെത്തിയത്. ഒരേകാര്യത്തിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ച് കാര്യങ്ങൾ ചെയ്യാൻ പറഞ്ഞപ്പോഴും പിസിഒഎസ് ഉള്ള ഗ്രൂപ്പിൽ പിഴവുകൾ കൂടുതലുമായിരുന്നു.
തുടർന്നാണ് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഒരുസമയം ഒരുകാര്യത്തിൽ ഏകാഗ്രത പുലർത്താൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയത്. പിസിഒഎസ് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും അതുവഴി ഏകാഗ്രത കുറയുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് ചെയ്യേണ്ട ജോലികൾ ദുഷ്കരമാക്കുമെന്നും ഗവേഷകർ പറയുന്നു.
*എന്താണ് പി.സി.ഒ.എസ്?*
അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്.
അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.
ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും. ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു.
വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. അനുബന്ധമായി ഉണ്ടാവുന്ന മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.
*പിസിഒഎസ് കാരണങ്ങൾ അറിയാം*
♦️ജനിതക പാരമ്പര്യ കാരണങ്ങൾ
♦️തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും
♦️ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം
♦️നിരവധി കാരണങ്ങൾ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
*ലക്ഷണങ്ങൾ*
ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതുപോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.
*ചികിത്സ*
ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.
*ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക*
ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.
