തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ പത്തുവർഷമായി തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കി മുന്നോട്ടുപോകുന്ന കേന്ദ്ര ബിജെപി സർക്കാരിനെ പുറത്താക്കാൻ തൊഴിലാളികളും കർഷകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കുവേണ്ടി ചേർന്ന എ ഐ ടി യു സി ജില്ലാ കൗൺസിൽ യോഗം തൈക്കാട് ജെ ചിത്തരഞ്ജൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ ചൂഷണം ചെയ്ത് കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാട് എടുക്കുന്ന കേന്ദ്രസർക്കാർ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമായി പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതിയും തൊഴിലില്ലായ്മ രൂക്ഷമാക്കിയും വിലക്കയറ്റം വർദ്ധിപ്പിച്ചു വർഗീയ ചേരിതിരിവ് സൃഷ്ടിച്ചും മുന്നോട്ടുപോകുന്ന ഈ സർക്കാറിനെ പുറത്താക്കാൻ ജനങ്ങൾ ഒരുമിച്ചു മുന്നോട്ടു വരണമെന്നും രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് സോളമൺ വെട്ടുകാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി മീനാങ്കൾ കുമാർ റിപ്പോർട്ടും ക്യാമ്പയിനുകളുംഅവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് എ ആൽബർട്ട് കാനം അനുസ്മരണ പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. ഡി അരവിന്ദാക്ഷൻ യോഗത്തിൽ നന്ദി പറഞ്ഞു. സംസ്ഥാന ജില്ലാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ നിലവാരത്തിലുള്ള ട്രേഡ് യൂണിയൻ കൺവെൻഷനുകൾ തൊഴിലാളി സംഗമങ്ങൾ, കുടുംബ സംഗമങ്ങൾ, തൊഴിലാളി സ്‌ക്വാടുകൾ രംഗത്തിറങ്ങാനും വ്യാപകമായ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും ക്യാമ്പയിനുകളും നടത്താൻ യോഗം തീരുമാനിച്ചു. ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിലും തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് ജില്ലാ കൗൺസിൽ ആഹ്വാനം ചെയ്തു

