റാസൽഖൈമ: അവധിയാഘോഷിക്കാനായി റാസൽഖൈമ ജെബൽ ജെയ്സ് മലയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തോട്ടട വട്ടക്കുളം മൈഥിലി സദനത്തിൽ രമേശൻ–സത്യ ദമ്പതികളുടെ മകൻ സായന്ത് മധുമ്മലിനെയാണ് മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32വയസായിരുന്നു. ദുബായിലെ ഓട്ടോ വർക് ഷോപ്പിലാണ് സായന്ത് ജോലി ചെയ്യുന്നത്.
സായന്തും കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളും യുഎഇയുടെ 53–ാം ദേശീയദിന(ഈദുൽ ഇത്തിഹാദ്)ത്തോടനുബന്ധിച്ച് അവധി ദിവസമായതിനാൽ ഞായറാഴ്ച വൈകിട്ടോടെയാണ് വിനോദ സഞ്ചാര കേന്ദ്രമായ ജെബൽ ജെയ്സിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ സായന്തിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിൽ മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേയ്ക്ക് പതിച്ചതാകാമെന്നാണ് കരുതുന്നത്.
മൃതദേഹം ഇന്നലെ രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോയി. അനുശ്രീയാണ് സായന്തിൻ്റെ ഭാര്യ. സഹോദരി: സോണിമ.
