അഹമ്മദാബാദ്: ഗുജറാത്തിൽ യുവ മോഡല്‍ തൂങ്ങിമരിച്ച നിലയിൽ. സൂറത്തിലെ അത്വയിൽ വീടിനുള്ളിലാണ് ഇരുപത്തിമൂന്നുകാരിയായ അഞ്ജലി വെര്‍മോറയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചെന്നും കുടുംബാംഗങ്ങളെ ചോദ്യംചെയ്യുന്നതും അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതുമുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
അടുത്തിടെ മധ്യപ്രദേശില്‍ നിന്നുളള പത്തൊന്‍പതുകാരിയായ മോഡലിനെ സൂറത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുഖ്പ്രീത് കൗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഡലിംഗ് രംഗത്തെ കരിയറില്‍ മികച്ച അവസരങ്ങള്‍ തേടിയാണ് സുഖ്പ്രീത് സൂറത്തിലെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മഹേന്ദ്ര രജ്പുത് എന്ന യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. ഇയാള്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
