മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിര്‍ച്വല്‍ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ പ്രതികളെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയച്ചുകൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പരാതിക്കാരന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പില്‍ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോള്‍ പ്രസ്തുത തുക പിന്‍വലിക്കാന്‍ കൂടുതല്‍ തുക ടാക്‌സ് അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ഇതൊരു തട്ടിപ്പ് ആണെന്ന് മനസ്സിലാവുകയും തുടര്‍ന്ന് പരാതിക്കാരന്‍ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തത്.
ഈ കേസില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്‍ അയച്ചു നല്‍കിയ പണത്തിന്റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കില്‍ നിന്നും പിന്‍വലിച്ചതായി കാണപ്പെടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഫ്ലാഹ് ഷാദില്‍ എം സി, മുഹമ്മദ് ഷാഫി എന്നിവരാണ് പണം പിന്‍വലിച്ചത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡി സി ആര്‍ ബി ഡിവൈഎസ്പി വി. ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തരഞ്ജന്‍ എസ്‌ഐ ലത്തീഫ്, എസ്‌ഐ നജ്മുദിന്‍, എഎസ്‌ഐമാരായ റിയാസ് ബാബു അനീഷ് കുമാര്‍, സി.പി.ഒ റിജില്‍, റാഷിനുല്‍ ഹസ്സന്‍, കൃഷ്‌ണേന്ദു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
