കല്പറ്റ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിലായി. മണിയാറൻകുടി അച്ചാരുകുടിയിൽ ലിബിനെ (33) ആണ് അറസ്റ്റിലായത്. വ്യാജ ആധാർ കാർഡ് ഉൾപ്പെടെ നൽകിയായിരുന്നു തട്ടിപ്പ്. മുക്കുപണ്ടം പണയം വെക്കുന്ന സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, സ്ഥാപനത്തിൽ ഓഡിറ്റ് നടന്നപ്പോഴാണ് പണയം വെച്ചിരിക്കുന്നത് സ്വർണമല്ല എന്ന് വ്യക്തമായത്. ഇതിന് പിന്നാലെ കരിമണ്ണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രണ്ട് പ്രാവശ്യമായാണ് ഇയാൾ പണയം വച്ച് തുക തട്ടിയത്. ഇതിനായി വ്യാജ ആധാർ രേഖയും നൽകിയിരുന്നു. സ്ഥാപന അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സമാനമായ രീതിയിൽ ഇടുക്കിയിലും തട്ടിപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ ഹാഷിം, ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ, ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

