ചെന്നൈ: 1.7 കിലോ സ്വർണ്ണം കടത്തിയ കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ചെന്നൈ എയർപോർട്ടിലാണ് കാബിൻ ക്രൂവിനെയും സ്വർണവുമായി എത്തിയ യാത്രക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഒരുകോടി രൂപയിലധികം മൂല്യമുള്ള സ്വർണമാണ് ഇവർ ദുബായിൽ നിന്നും എത്തിച്ചത്.
ദുബായിൽനിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തിൽ യാത്ര ചെയ്തിരുന്നയാളാണ് കാബിൻ ക്രൂവിന് സ്വർണ്ണം കൈമാറിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. യാത്രക്കാരനെയും സംഭവത്തിൽ അറസ്റ്റു ചെയ്തിട്ടുണ്ട്.
യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന സ്വർണം കാബിൻ ക്രൂവിന് കൈമാറാനും വിമാനത്താവളത്തിൽ എത്തിയശേഷം പുറത്തുള്ളയാൾക്ക് കൈമാറാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കസ്റ്റംസ് അറിയിച്ചു. അതേസമയം, യാത്രക്കാരന്റെയും കാബിൻ ക്രൂവിന്റെയും വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.


