മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തിൽ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെയാണ് ശൗര്യ എന്ന കുട്ടി ജനനേന്ദ്രിയത്തിൽ പന്തുതട്ടി മരിച്ചത്. ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്താണ് ശൗര്യയുടെ ജനനേന്ദ്രിയത്തിലേക്ക് പാഞ്ഞുകയറിയത്.
പ്രദേശത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു കൂട്ടുകാർക്കൊപ്പം ശൗര്യയും. ശൗര്യ പന്ത് ചെയ്യുന്നതിനിടെ ബാറ്റ്‌സ്മാൻ അടിക്കുകയായിരുന്നു. എന്നാൽ മറ്റ് ദിശകളിലേക്ക് പോകാതെ പന്ത് നേരെ ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് വന്ന് ഇടിച്ചു. ഉടൻ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
സുഹൃത്തുക്കൾ ഉടൻ തന്നെ ശൗര്യയുടെ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ശൗര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയുടെ ശരീരത്തിൽ പന്ത് വന്ന് ഇടിക്കുന്നതും കുട്ടി വീഴുന്നതും കാണാം.

