ഇൻഡോർ: ലൈംഗിക പീഡന ശ്രമം എതിർത്ത 13 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കട്ടിലിലെ അറയിൽ ഒളിപ്പിച്ചു. പ്രതി പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പ്രദേശവാസി 21 കാരനായ റെഹാനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ലൈംഗികപീഡന ശ്രമം കുട്ടി എതിർത്തതോടെ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചശേഷം ഇഷ്ടിക കൊണ്ട് മുഖം തകർത്ത് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റുകയായിരുന്നു.
സംശയം ഒഴിവാക്കാനായി, അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി. കുട്ടിയ്ക്കായുള്ള തിരച്ചിലിൽ റെഹാനും പൊലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
കുട്ടിയുടെ വീടിന് 30 മീറ്റർ മാത്രം അകലെയുള്ള ആറ് നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ വച്ചാണ് കൊലപാതകം നടന്നത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ മൃതദേഹം പിന്നീട് നാലാം നിലയിലെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ വെള്ളിയാഴ്ച രാത്രിയാണ് വീടിനു മുന്നിൽ നിന്നും കാണാതായത്. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കുട്ടി സമീപത്തെ കെട്ടിടത്തിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ടെറസിൽ നിന്ന് കുട്ടിയുടെ ജാക്കറ്റ് കണ്ടെത്തി. രക്തക്കറയും, തെളിവ് നശിപ്പിക്കാൻ രക്തം തുടച്ചുനീക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. റെഹാന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ്, അയാളുടെ കയ്യിലും കഴുത്തിലുമുള്ള പോറലുകൾ ശ്രദ്ധിച്ചു. ജോലിസ്ഥലത്തെ യന്ത്രത്തിൽ തട്ടിയുണ്ടായ പരുക്കാണെന്ന് റെഹാൻ അവകാശപ്പെട്ടെങ്കിലും, കഴിഞ്ഞ നാല് മാസമായി ഇയാൾ ജോലിക്ക് പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ റെഹാൻ കുറ്റം സമ്മതിച്ചു. മൃതദേഹം കട്ടിലിനുള്ളിലെ അറയിൽ ഒളിപ്പിച്ചതായി വെളിപ്പെടുത്തി. കട്ടിലിൽ നിന്ന് മുത്തശ്ശിയെ മാറ്റിയ ശേഷം പൊലീസ് അറ തുറന്നപ്പോൾ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റെഹാനെ റിമാൻഡ് ചെയ്തു.


