ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലായി വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രദേശത്തെ ഇഷ്ടിക ചൂളകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് ഇരകളെന്നും റിപ്പോർട്ടുണ്ട്. ഭംഗാലി, പതൽപുരി, മാരാരി കലൻ, തെരേവാൾ, തൽവണ്ടി ഗുമാൻ എന്നീ അഞ്ച് ഗ്രാമങ്ങളിലാണ് മരണം സംഭവിച്ചത്. അവരിൽ പലർക്കും ഛർദ്ദി ഉൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത, എക്സൈസ് ആക്ട് എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
‘ഇന്നലെ രാത്രി 9:30 ഓടെ വ്യാജ മദ്യം കഴിച്ച് ആളുകൾ മരണപ്പെടാൻ തുടങ്ങിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ ഉടൻ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ പിടികൂടി. പ്രാദേശിക ഇഷ്ടിക ചൂളകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് മരിച്ചവരെന്നാണ് വിവരം.’ അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ് പറഞ്ഞു. ‘പ്രധാന വിതരണക്കാരനായ പരബ്ജീത് സിംഗിനെ ഞങ്ങൾ അറസ്റ്റ് ചെയ്തു. ഞങ്ങൾ അയാളെ ചോദ്യം ചെയ്തപ്പോൾ പ്രധാന വിതരണക്കാരനായ സാഹബ് സിംഗിനെക്കുറിച്ച് വിവരം ലഭിച്ചു. ഞങ്ങൾ കേസ് അന്വേഷിച്ചുവരികയാണ്. വ്യാജ മദ്യ വിതരണക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് സർക്കാരിൽ നിന്ന് ഞങ്ങൾക്ക് കർശന നിർദ്ദേശം ലഭിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
