ഭുവനേശ്വർ: ബലാത്സംഗത്തിനിരയായ പതിനേഴുകാരി അർദ്ധബോധാവസ്ഥയിൽ നടന്ന് ആശുപത്രിയിലെത്തി ചികിത്സ തേടി. ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ഒഡീഷയിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്.
പാതിരാത്രിയോടെയാണ് പതിനേഴുകാരി ആശുപത്രിയിലേക്ക് നടന്നെത്തിയത്. ശരീരമാസകലം രക്തംപുരണ്ട് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ ആശുപത്രി അധികൃതർ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റ് വഴി പൊലീസിനെ വിവരമറിയിച്ചു.
അധികം വൈകാതെ പൊലീസ് ആശുപത്രിയിലെത്തിയെങ്കിലും പെൺകുട്ടിയുടെ ദാരുണമായ അവസ്ഥയിൽ ചോദ്യം ചെയ്യാൻ സാധിച്ചില്ല. ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ മാനസികനില വീണ്ടെടുത്ത ശേഷം മാത്രമേ നടന്ന കാര്യങ്ങൾ ചോദിച്ചറിയാനാകൂയെന്ന് പൊലീസ് പറയുന്നു. ഇതോടൊപ്പം തന്നെ ആ മേഖലയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കാപ്പിറ്റൽ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി ജാർഖണ്ഡ് സ്വദേശിയാണെന്ന് കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്


