17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; നാല് സഹപാഠികൾക്കെതിരെ കേസെടുത്ത് പൊലീസ്


ജിന്‍ഡ(ഹരിയാന): വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കേസിൽ 19 വയസിനും 20 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ജന്മദിനത്തിൽ ആണ് സഹപാഠികളായ നാലുവിദ്യാർഥികൾ കൂട്ടബലാത്സംഗം ചെയ്തത്. പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഹരിയാനയിലെ ജിൻഡയിലാണ് സംഭവം.


കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലിൽ വെച്ച് 17 വയസുകാരിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസമാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്. ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേനെ മകളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നും ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. കൂടാതെ പെൺകുട്ടിയുടെ വീഡിയോ പകർത്തുകയും ചെയ്തു.വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇവർ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നെന്നും പരാതിയിലുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നാണ് സംഭവത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞതെന്നും മകൾക്ക് നീതി ലഭിക്കണമെന്നും പിതാവ് പറയുന്നു.

അതേസമയം, പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. പോക്‌സോ,കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിജീവിതക്ക് കൗൺസിലിങ് നൽകി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: